ഞാൻ വാരഫലക്കാരനായ കഥ (ഓർമ്മക്കൂട്ട് – 2)

ഭാവി അറിയാൻ ആഗ്രഹം ഇല്ലാത്തവർ ആരുണ്ട്?

മനുഷ്യമനസ്സുകളുടെ ഈ ജിജ്ഞാസയെ മുതലെടുത്തുകൊണ്ടാണ് പല പ്രസിദ്ധീകരണങ്ങളും നക്ഷത്രഫലം പ്രസിദ്ധീകരിക്കാറുള്ളത്. വാരഫലം, നിങ്ങൾക്ക് ഈ ആഴ്ച, ആഴ്ച നോട്ടം, This Week for you എന്നിങ്ങനെയൊക്കെയുള്ള വിവിധ ശീർഷകങ്ങളിലാണ് ഓരോ നാളുകളിലും ജനിച്ചവരുടെ ഭാവി പ്രവചിക്കുക.

ഞാനും ഒരിക്കൽ ‘ഭാവി’ പറയുന്ന പ്രവാചകനായി. ആ കഥയാണ് ഇത്തവണത്തെ രസക്കൂട്ട്.

രസതന്ത്രം ഐച്ഛികമായി എടുത്ത് ഞാൻ എങ്ങനെയോ ബിരുദത്തിന്റെ കടമ്പ കടന്നു കൂടി. ഡിഗ്രി പഠനത്തെ പറ്റി ചിന്തിക്കുമ്പോൾ ‘അപഥ സഞ്ചാരം’ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ അതും ദൈവിക പദ്ധതി ആയിരുന്നു എന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. ഒരിക്കലും വിസ്മരിക്കാനാവാത്ത, ഇന്നും സ്നേഹബന്ധം തുടരുന്ന ഒരു ചങ്ങാതിക്കൂട്ടത്തെ അക്കാലത്ത് നേടാനായി എന്നത് ഒരു ചെറിയ കാര്യമല്ലല്ലോ. എന്തായാലും ബിരുദാനന്തര പഠനം ആയപ്പോഴേക്കും തിരികെ ട്രാക്കിൽ എത്തി എന്ന് പറയാം. പത്രപ്രവർത്തനം ..

മുംബൈയിലെ സെൻറ് സേവിയേഴ്സ് കോളേജിൽ… ഖുഷ്വന്ത് സിംഗിന്റെയും അരുൺ ഷൂറിയുടേയും എം വി കമ്മത്തിന്റെയുമൊക്കെ മുൻപിൽ അന്തം വിട്ടിരുന്ന നാളുകൾ.. 20 വിദ്യാർഥികളിൽ 19 പേരും ആഷ്- പൂഷ്.. ഞാൻ ഒരുവൻ മാത്രം വെറും മല്ലു. അധ്യാപകരുടെ ഇംഗ്ലീഷ് പോലും നേരെ ചൊവ്വേ മനസ്സിലാകുമായിരുന്നില്ല. അർദ്ധരാത്രിയിൽ എണ്ണ കത്തിക്കാതെ (Burning the midnight oil) നിർവാഹം ഇല്ലാതെ വന്നു. കത്തിയ എണ്ണയ്ക്ക് ദൈവം പ്രതിഫലം തരുകയും ചെയ്തു. പഠനം തീരും മുൻപേ തൊഴിൽ… അതും ബ്ളിറ്റ്സ് എന്ന പ്രമുഖ പത്രികയുടെ മുതലാളിയായ ആർ. കെ. കരഞ്ജിയുടെ ദിനപത്രമായ ദി ഡെയിലിയിൽ.

16 പേജുള്ള സൺഡേ സ്പെഷ്യൽ എഡിഷനിൽ പ്രധാന എഡിറ്ററെ കൂടാതെ ഞങ്ങൾ മൂന്നുപേർ… അതിൽ ഞാൻ ആകട്ടെ ലില്ലിപ്പുട്ടിലെ ഗള്ളിവർ. എങ്കിലും ഡോം മൊറെയ്സിനെയും ബഹ്‌റാം കോൺട്രാക്ടറെയും പോലെയുള്ള അക്ഷരലോകത്തിലെ അതികായൻമാരെ അക്കാലത്ത് പരിചയപ്പെടുവാൻ കഴിഞ്ഞു.

സൺഡേ എഡിഷന്റെ പ്രധാന എഡിറ്റർ മലയാളിയായിരുന്നു. അതുകൊണ്ടോ എന്തോ എന്നോട് ഒരു പ്രത്യേക വാത്സല്യം തനിക്ക് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ആദ്യ മാസം കഴിഞ്ഞപ്പോൾ സ്‌റ്റെപ്പൻഡായി ഏഴ് 100 രൂപ നോട്ടുകൾ കിട്ടി. അങ്ങനെ ഞാൻ വേതനം നേടുന്ന ഒരു പത്രപ്രവർത്തകനായി. ആ നാളുകളിൽ പഠിച്ച പാഠങ്ങൾക്കും കാണിച്ചുകൂട്ടിയ അമളികൾക്കും കയ്യും കണക്കുമില്ല.

ഞാൻ കൈകാര്യം ചെയ്തിരുന്നത് മൂന്നു പേജുകൾ… അതിൽ ഒരു പേജിലായിരുന്നു പ്രതിവാര നക്ഷത്രഫലം പ്രത്യക്ഷപ്പെടുമായിരുന്നത്. ഏരീസും സാഗിറ്റാറിസും വിർഗോയുമൊക്കെ മാറി മാറി ഓരോരുത്തർക്കും സപ്തവർണ്ണങ്ങൾ സമ്മാനിക്കുമായിരുന്നു. ഡൽഹിക്കാരനായ ഒരു പണ്ഡിറ്റ് ജി ഡി ശർമ്മ ആയിരുന്നു വാരഫലക്കാരൻ. ഇ-മെയിൽ, വാട്സ് ആപ്പ് തുടങ്ങിയ നൂതന ആശയവിനിമയ സംവിധാനങ്ങൾ ഒന്നും സജീവമായി തുടങ്ങിയിരുന്നില്ല. ഡൽഹിയിൽ നിന്നും തപാലിൽ അയയ്ക്കുന്ന മാറ്റർ, ചിലപ്പോൾ ഡെഡ് ലൈനിന് മുൻപ് ഓഫീസിൽ എത്താറില്ല. പംക്തി ഒഴിവാക്കാൻ പറ്റില്ലല്ലോ. അത്തരം അവസരങ്ങളിൽ എഡിറ്റർ എന്നെ കണ്ണു കാണിക്കും. ആ ദൃഷ്ടി ചലനത്തിന്റെ അർത്ഥം എനിക്ക് നന്നായിട്ടറിയാം. ഞാൻ തന്നെ ഒരു വാരഫലം തട്ടിക്കൂട്ടണം എന്നാണ് അതിന്റെ അർത്ഥം. പിന്നെ തെല്ലും വൈകില്ല. എന്നിലെ വാരഫല പ്രവാചകൻ സടകുടഞ്ഞ് എഴുന്നേൽക്കുകയായി. കഴിഞ്ഞ 3 മാസത്തെ വാരഫലം, ലൈബ്രറിയിൽ നിന്നും എടുക്കും. പിന്നെ ഒരു സമ്പൂർണ അഴിച്ചു പണി. ഒരാഴ്ചത്തെ ജമിനി അടുത്ത ആഴ്ചത്തെ ലിയോ ആകും. മറ്റൊരു ആഴ്ചത്തെ സ്കോർപിയോ പുതിയ ആഴ്ചയിൽ കാപ്രിക്കോൺ ആകും. ചില വാചകങ്ങളൊക്കെ തിരിച്ചു മറിക്കും…. അരമണിക്കൂർ കൊണ്ട് പണ്ഡിറ്റ് ‘ജികെ ശർമ’യുടെ ചൂടൻ ഹോറോസ്കോപ്പ് റെഡി. ഞായറാഴ്ച രാവിലെ അച്ചടിച്ചുവരുന്ന പത്രത്തിൽ ഞാനെഴുതിയ ഹോറോസ്കോപ്പ് അനേകർക്ക് ഭാഗ്യങ്ങൾ വാരിവിതറി പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും.

മുംബൈയിലെ തിരക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് പ്രിയപ്പെട്ട പത്രമായിരുന്നു, ടാബ്ലോയ്ഡ് വലുപ്പത്തിലുള്ള ഡെയ്ലി. ടൈംസ് ഓഫ് ഇന്ത്യ പോലെയുള്ള വലിയ പത്രങ്ങൾ വിടർത്തി വായിക്കാൻ ട്രെയിനിലെ ആൾക്കൂട്ടത്തിനിടയിൽ പറ്റുകയില്ല എന്നത് തന്നെ കാരണം. പലപ്പോഴും എന്റെ സമീപത്തിരുന്ന് യാത്ര ചെയ്യുന്നവർ വളരെ ആവേശത്തോടെ വാരഫലം വായിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കിറുകൃത്യമാണ് എന്ന് യാത്രക്കാർ പരസ്പരം പറയുന്നതു കേട്ടിട്ടുമുണ്ട്.

എൻറെ ഉള്ളിലെ ‘പ്രവാചകൻ’ അപ്പോൾ തലയറഞ്ഞു ചിരിക്കുന്നുണ്ടാവും. . “അയ്യേ പറ്റിച്ചേ” എന്ന് മനസിൽ പറയുന്നുണ്ടാവും.

ഞാൻ കറക്കിക്കുത്തിയ പ്രസ്താവനകളിൽ, ഏതെങ്കിലുമൊക്കെ ആർക്കെങ്കിലുമൊക്കെ പ്രസക്തമാകാതിരിക്കില്ല. ചിലർക്കെങ്കിലും ആ വാക്കുകൾ മനോധൈര്യവും ആശ്വാസവും പ്രതീക്ഷയും നൽകാതിരിക്കില്ല. എന്നിരിക്കിലും പിൽക്കാലത്ത് എനിക്ക് വളരെ കുറ്റബോധം തോന്നുകയും ദൈവത്തോട് ഞാൻ ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.

പത്രലോകത്തിലെ ഇത്തരം ചില രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത്, എന്റെ മാധ്യമ സൃഹൃത്തുക്കൾക്ക് ഇഷ്ടപ്പെടാൻ വഴിയില്ല. അതുകൊണ്ട് ഇപ്പോൾ വായിച്ചതെല്ലാം നിങ്ങൾ മറന്നേക്കൂ…

ഓം.. ഭിം … ഭൂം…

Leave a Comment

Your email address will not be published.