റ്റോംസ് സാറിനോടൊപ്പം (ഓർമ്മക്കൂട്ട് – 1)

ചിരിയുടെ തമ്പുരാൻ റ്റോംസ് സാറിനൊപ്പം എനിക്കൊരു കാലഘട്ടം ഉണ്ടായിരുന്നു. പ്രൊഫഷണൽ ജീവിതത്തിൽ ഞാൻ ഏറെ പാഠങ്ങൾ പഠിച്ച കാലമായിരുന്നു അത്.

1987 – 88. തിരുവനന്തപുരം. അന്ന് ഞാൻ, പ്രമുഖ മനശാസ്ത്രജ്ഞൻ ഡോ. പി എം. മാത്യു വെല്ലൂരിനോടൊപ്പം. അദ്ദേഹത്തിന്റെ മനശാസ്‌ത്രം ഗ്രന്ഥങ്ങൾ എഡിറ്റു ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. എന്നെ പുത്ര നിർവിശേഷമാണ് മാത്യു സാറും കുടുംബവും കരുതിയിരുന്നതു്. മനശാസ്ത്ര ഗ്രന്ഥങ്ങളമായി ബന്ധപ്പെട്ട assignement തീർന്നപ്പോൾ എന്നെ ടോംസ് സാറിന് പരിചയപ്പെടുത്തിയതും മാത്യു സാർ തന്നെ ആയിരുന്നു.

ബോബനും മോളിയും കോമിക്സ് കൂടാതെ മറ്റൊരു പ്രസിദ്ധീകരണം കൂടെ തുടങ്ങാൻ റ്റോംസ് സാർ പദ്ധതി ഇട്ടിരുന്ന സമയമായിരുന്നു. അങ്ങനെ ഞാൻ തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പറിച്ചു നടപ്പെട്ടു.

അന്ന് മനോരമ കോമിക്സ് എന്നൊരു മാസിക ഉണ്ട്. പക്ഷെ കഷ്ടിച്ച് 15,000 കോപ്പികൾ മാത്രം പ്രചാരമേ അതിനുള്ളു. മറ്റൊരു കോമിക് മാസികയ്ക്ക് പ്രസക്തി ഉണ്ടോ എന്ന ആശങ്ക ഉണ്ടായിരുന്നു.

ദീർഘമായ ചർച്ചയ്ക്കു ശേഷമാണ് ടോംസ് മാഗസിൻ തുടങ്ങാൻ തീരുമാനമായത്. ബോബനും മോളിയും എന്ന് പേരിടണം എന്നായിരുന്നു റ്റോംസ് സാറിന്റെ ആഗ്രഹം. എന്നാൽ അതിന് ചില നിയമ തടസങ്ങൾ ഉണ്ടായിരുന്നു. ഞാൻ സാറിനോട് ഒരു നിർദേശം വച്ചു. ആ സമയത്ത് ഇറങ്ങിയ INDIA TODAY മാസികയിലെ ഒരു ഉള്ളടക്കത്തിന്റെ ശീർഷകം, മാസികയുടെ പേരിന്റെ ഇരട്ടി വലിപ്പത്തിൽ കവർ പേജിൽ തന്നെ കൊടുത്തിരുന്നു. അതിനെ തടയാൻ ആർക്കും കഴിയില്ല. അതുകൊണ്ട് Toms Magazine എന്ന പേര് താരതമ്യേന ചെറുതായിട്ടും, ബോബനും മോളിയും എന്ന ഉള്ളടക്കം ഇരട്ടി വലിപ്പത്തിലും കൊടുക്കാം എന്ന് ആയിരുന്നു എന്റെ നിർദേശം. പയ്യനായ എന്റെ താൽപര്യം സാർ ഗൗരവത്തിൽ തന്നെ പരിഗണിച്ചു. ഇന്നും ആളുകൾ റ്റോംസ് മാഗസിൻ എന്നല്ല, ബോബനും മോളിയും എന്നാണ് പറയുന്നത്.

ഉള്ളടക്കത്തെപ്പറ്റിയായി അടുത്ത ചർച്ച. 40 പേജുള്ള മാസികയിൽ, 10 പേജോളം സാർ തരും. ബാക്കി ഉണ്ടാക്കണം, അതാണ് ദൗത്യം. എനിക്കൊരു സഹപ്രവർത്തകനേയും കിട്ടി. ചന്ദ്രമോഹൻ..

മാസികയുടെ ചേരുവയെപ്പറ്റി റ്റോംസ് സാറുമൊത്ത് പല പല സെഷനുകൾ നടന്നു. ഒടുവിൽ ഒരു രൂപരേഖ തയ്യാറാക്കി.

പുതിയ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുവാൻ തീരുമാനിച്ചു.. ഒരു മണ്ടൻ വീട്ടു ജോലിക്കാരൻ. ശുപ്പാണ്ടിയുടെ ഒരു മലയാളം മുഖം.. അനുയോജ്യമായ ഒരു പേരു് വേണം. പല പേരുകൾ മനസിൽ വന്നു. അങ്ങനെയിരിക്കെ, എന്റെ സ്നേഹിതനായ ഒരു സുവിശേഷകൻ എന്നെ കാണാൻ ഓഫീസിൽ വന്നു. ഞാൻ അദ്ദേഹത്തോട് രണ്ടു പേര് നിർദേശിച്ചു. മണ്ടൂസ് എന്നും കുഞ്ഞൻ എന്നും. ആ സുവിശേഷകനാണ് മണ്ടൂസ് എന്ന് തീർത്തു പറഞ്ഞത്. തുടർന്ന് ഞാൻ ആർട്ടിസ്റ്റ് ചെല്ലന്റെ വീട്ടിൽ പോയി . KSRTC യിൽ പെയിന്ററായിരുന്നു, ലോലന്റെ സൃഷ്ടാവായ ചെല്ലൻ. അദ്ദേഹം പല രൂപ ഭാവങ്ങളിൽ 10 തരം മണ്ടൂസിനെ വരച്ചു തന്നു. അതിൽ ഒന്നിൽ ഞങ്ങളുടെ മനസുറച്ചു. കഥയ്ക്കുള്ള ആശയം പലരിൽ നിന്നും ലഭിച്ചു.. അങ്ങനെ മണ്ടൂസ് ജനിച്ചു.

കൂടാതെ, ഇന്നത്തെ പ്രമുഖ നോവലിസ്റ്റ് ജോയ്സിയെക്കൊണ്ട് ഒരു മലയാളി ടാർസനെ സൃഷ്ടിച്ചു, വീരോ എന്ന പേരിൽ. ഇരിങ്ങാലക്കുടയിൽ പോയി, മായാവി (ബാലരമ ) യുടെ ചിത്രകാരൻ മോഹൻ ദാസിനെക്കൊണ്ട് അത് ചിത്രക്കഥയാക്കി. ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിനെക്കൊണ്ട് CBI സോണിയെ സൃഷ്ടിച്ചു. ജനയുഗം ചിത്രകാരൻ ഗോപാലിനെ ക്കൊണ്ട് ഒരു മായാവിക്കഥയും ചിത്രക്കഥയാക്കി.. ഇവരെയൊക്കെ എനിക്ക് പരിചയപ്പെടുത്തി തന്നത് റ്റോംസ് സാറായിരുന്നു.

റീഡേഴ്സ് ഡൈജസ്റ്റിലെ incredible stories ശൈലിയിൽ ഒരു അവിശ്വസനീയ സംഭവ കഥ , ഡിറ്റക്ടീവ് ലംബോധരൻ, കഴുതരാജ ഭാഗവതർ, ( രണ്ടും വരച്ചത് ചെല്ലൻ ആയിരുന്നു ), പഞ്ചായത്ത് പ്രസിഡണ്ട് ഇട്ടുണ്ണന്റെ ചോദ്യോത്തര പംക്തി എന്നിവയും പതിവ് പംക്തികളായി. പല സർക്കാർ ഡിപ്പാർട്മെന്റു ജീവനക്കാരെ മാസികയുടെ വായനക്കാരാക്കാൻ വേണ്ടി ഡിപ്പാർട്ട്മെന്റ് തിരിച്ചുള്ള ആക്ഷേപ ഹാസ്യ കാർട്ടൂൺ സ്ട്രിപ്പുകൾ ഉൾപ്പെടുത്തി.

മേടിക്കൽ ഡിപ്പാർട്ട്മെന്റ്, പവർകട്ട് ഡിപ്പാർട്മെന്റ്, പബ്ളിക്ക് വെൽത് ഡിസ്ട്രോയേഴ്സ് (PWD) എന്നിങ്ങനെ 10 സ്ട്രിപ്പുകൾ. ഓരോ ലക്കത്തിലും ഒരു ഫോട്ടോ ഫീച്ചറും ഉണ്ടായിരുന്നു.

ആദ്യ ലക്കം 50,000 കോപ്പി എന്നതായിരുന്നു ലക്ഷ്യം. പക്ഷെ, രണ്ടാം വാരം തന്നെ Reprint ചെയ്തു. 86,000 കോപ്പിയായിരുന്നു ആദ്യ കോപ്പിയുടെ വില്പന.

റ്റോംസ് സാർ ഒരു ഫലിത സാമ്രാട്ട് ആണെന്നായിരുന്നു പരിചയപ്പെടും മുമ്പെ എന്റെ ധാരണ. പക്ഷെ, അദ്ദേഹം ചിരിക്കുന്നത് അത്യപൂർവ്വമായേ ഞാൻ കണ്ടിട്ടുള്ളു. നമ്മൾ സംസാരിക്കുമ്പോഴും അതിൽ എവിടെയെങ്കിലും ഫലിതത്തിന്റെ അംശം ഉണ്ടോ എന്ന ശ്രദ്ധയിലായിരിക്കും അദ്ദേഹം. അങ്ങനെ കിട്ടുന്ന പലതുമായിരിക്കും, ബോബനും മോളിയും സ്ട്രിപ്പിലെ വഴിയാത്രക്കാർ അടുത്തയാഴ്ച പറയുന്നത്.
പക്ഷെ, വളരെ സഹൃദയനായ ഒരു മനുഷ്യൻ.. സഹപ്രവർത്തകരെ ഏറെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരാൾ. അപൂർവം ചില അവസരങ്ങളിലെങ്കിലും ബോബനും മോളിക്കും വേണ്ടി കാർട്ടൂൺ ത്രെഡ് ഉണ്ടാക്കിക്കൊടുത്ത് എന്റെ ഓർമയിലുണ്ട്.

സാറിന്റെ മക്കൾ ബോബനും ബോസും പതിവായി ഓഫീസിൽ വരും .. അവർ എനിക്ക് സഹോദരങ്ങൾ ആയിരുന്നു. പ്രസിദ്ധീകരണത്തിന്റെ ചുമതല അവർക്കായിരുന്നു.

ആദ്യലക്കം പുറത്തിറങ്ങിയപ്പോൾ തന്നെ, മനോരമയിലെ കോമിക് സെക്ഷന്റെ സമ്പൂർണ ചുമതലയുള്ള N M മോഹനൻ സാറിന്റെ (വൈക്കം ചന്ദ്രശേഖരന്റെ മരുമകൻ) വിളി വന്നത് മറ്റൊരു കഥ…

Leave a Comment

Your email address will not be published.