മാർട്ടിൻ ലൂഥർ മഷിക്കുപ്പി കൊണ്ട് പിശാചിനെ ആക്രമിച്ച കഥ (ഓർമ്മക്കൂട്ട് – 3)

ജർമനിയിലെ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിലേക്ക് ഞാൻ വിമാനം കയറിയത് ഒരു വിദ്യാർത്ഥിയായിട്ടായിരുന്നു.

അമേരിക്കയിലെ ചിക്കാഗോ ആസ്ഥാനമാക്കിയുള്ള മീഡിയ അസോസിയേറ്റ്സ് ഇൻറർനാഷണൽ (MAI) ഒരു പരിശീലനപദ്ധതി ക്രമീകരിച്ചിരിക്കുന്നു. ലോകമാസകലമുള്ള ബൈബിൾ സാഹിത്യകാരൻമാരെ പരിശീലിപ്പിക്കുന്ന ഒരു സംഘടനയാണ് MAI. എല്ലാ രാഷ്ട്രങ്ങളിലും അവർക്ക് പ്രഗൽഭരായ പരിശീലകരെ വാർത്തെടുക്കണം. അപ്പോൾ ആ പരിശീലകരെ പരിശീലിപ്പിക്കുന്ന ഒരു സംഘത്തെ ഒരുക്കണമല്ലോ. അങ്ങനെയാണ് ട്രെയിൻ ദി ട്രെയിനേഴ്സ് എന്ന പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഭാഗ്യവശാൽ ആ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 20 പേരിൽ ഒരുവനായിരുന്നു ഞാനും. ആ ട്രെയിൻ ദി ട്രെയിനേഴ്സ് കോൺഫറൻസിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഞാൻ യാത്ര പുറപ്പെട്ടത്.

ഈ പരിശീലന പരിപാടി ജർമനിയിൽ ആയിരുന്നില്ല. അവിടെനിന്നും 626 കിലോമീറ്റർ ദൂരെയുള്ള ഓസ്ട്രിയ എന്ന് മനോഹരമായ രാജ്യത്തായിരുന്നു സമ്മേളനം നടക്കുന്നത്.

ഞാൻ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ എത്തി. അവിടെനിന്നും ഓസ്ട്രിയയിലേക്കുള്ള വിമാനത്തിൽ കയറി. അത്ഭുതകരമെന്ന് പറയട്ടെ, വിമാനത്തിൽ ആകെ ആറ് യാത്രക്കാർ മാത്രം. ഓസ്ട്രിയയിൽ ചെന്നിറങ്ങിയപ്പോഴും അമ്പരപ്പ് തുടരുകയാണ്. എയർപോർട്ടിൽ നിന്നും സമ്മേളനം നടക്കുന്ന സ്ളോസ് മിറ്റേർസിൽ എന്ന കൊട്ടാര സദൃശമായ ഹോട്ടലിലേക്കു കാറിൽ പോയപ്പോൾ വഴിയിൽ കാൽനടക്കാരെ ആരെയും കണ്ടില്ല. തെരുവിൽ അപൂർവ്വം ചില വാഹനങ്ങൾ മാത്രം അങ്ങോട്ടുമിങ്ങോട്ടും പോകുന്നു. കാരണം അന്വേഷിച്ചപ്പോൾ മനസ്സിലായി, ഓസ്ട്രിയയുടെ ജനസംഖ്യ തുലോം പരിമിതമാണ്. 84,000 ചതുരശ്ര കി.മീ വിസ്തീർണമുള്ള ഈ രാജ്യത്തെ അംഗസംഖ്യ 88 ലക്ഷം മാത്രം. അപ്പോൾതന്നെ അതി മനോഹരമായ ഒരു രാജ്യമാണ് ഓസ്ട്രിയ. സൗണ്ട് ഓഫ് മ്യൂസിക് എന്ന ലോകോത്തര ചലച്ചിത്രം ഷൂട്ട് ചെയ്തത് ഓസ്ട്രിയയിൽ ആയിരുന്നു. മഞ്ഞിന്റെ തൊപ്പിയണിഞ്ഞ് നിൽക്കുന്ന ആൽപ്സ് പർവ്വതനിരകൾ, സംഗീതജ്ഞനായ മൊസാർട്ടിന്റെ ജന്മഭൂമി. ശാന്തസുന്ദരമായ ഡാന്യൂബ് നദി അതിരുതിരിക്കുന്ന, സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഭൂപ്രദേശം …

ഏതാണ്ട് രണ്ടാഴ്ച ദീർഘിക്കുന്ന പരിശീലനമായിരുന്നു അവിടെ ഞങ്ങൾക്ക് ലഭിച്ചത്. അതിന് നേതൃത്വം നൽകിയത് അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ തലവൻ.. 4 ഡോക്ടറേറ്റാണ് അദ്ദേഹത്തിനുള്ളത് എന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു. ആദ്യത്തെ പത്ത് ദിവസങ്ങളിൽ ക്ലാസ്സുകൾ എടുക്കേണ്ട രീതികളും ശൈലികളും ഒക്കെ അവർ ഞങ്ങളെ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു. അവസാനത്തെ മൂന്ന് ദിവസങ്ങളിൽ, അവർ തരുന്ന വിഷയം ആസ്പദമാക്കി ഞങ്ങൾ 10 മിനിറ്റു ക്ലാസ് എടുത്തു കാണിക്കണം. അത് വീഡിയോയിൽ ഷൂട്ട് ചെയ്തു പിന്നീട് പ്രദർശിപ്പിക്കും. എന്നിട്ട് പരിശീലനത്തിൽ പങ്കെടുക്കുന്നവരും അധ്യാപകരും എല്ലാവരും കൂടെ ചേർന്ന് നമ്മളെ കൊത്തിപ്പറിക്കും. വേദനയുളവാക്കുന്ന കമന്റുകൾ പലപ്പോഴും കേട്ടു എന്ന് വരാം പക്ഷേ അത് നമ്മളുടെ നിലവാരം മെച്ചപ്പെടുത്തുവാൻ വേണ്ടിയുള്ള നിർദേശങ്ങൾ മാത്രമാണ്..

പരിശീലന പരിപാടിക്ക് ഇടയ്ക്ക് ഒരു ദിവസം ഞങ്ങൾ ആൽപ്സ് പർവ്വതാരോഹണത്തിനു പോയി. മഞ്ഞുമല ചവിട്ടി കയറുവാൻ ആവശ്യമായ സ്‌പൈക് ഷൂ ഞാൻ കരുതിയിരുന്നില്ല. അതുകൊണ്ട് തെല്ലു മടിച്ചെങ്കിലും വീണ്ടും ഒരു അവസരം കിട്ടുമോ എന്ന ആശങ്ക ഉണ്ടായിരുന്നതിനാൽ മല കയറാൻ തന്നെ തീരുമാനിച്ചു. സാധാരണ ധരിക്കുന്ന ഷൂസും ആയിട്ടാണ് ഞാൻ ആൽപ്സ് പർവതത്തിൽ കയറിയത്. വളരെ ബുദ്ധിമുട്ടിയാണ് അല്പം മുകളിൽ എത്തിയത്. മഞ്ഞ് മൂടിക്കിടക്കുന്ന പർവ്വതത്തിൽ തത്തിപ്പിടിച്ചു കയറുന്നതിനിടയിൽ എപ്പോഴോ കാൽവഴുതി ഞാൻ താഴെ വീണു. കണ്ണാടി പോലെ തിളങ്ങുന്ന മഞ്ഞുപാളികളിൽ, വായും പൊളിച്ച് ആകാശത്തേക്ക് നോക്കി ഒരു നിമിഷം കിടക്കുമ്പോൾ ഒരു ഫ്ലാഷ് മിന്നി. കോഴ്സിൽ സഹപാഠിയായിരുന്ന ഒരു ഇംഗ്ലീഷുകാരന്റെ ക്യാമറയിൽ നിന്നുള്ള വെളിച്ചം ആയിരുന്നു അത്. ദൈവകൃപയാൽ അപകടമൊന്നും പറ്റാതെ രക്ഷപ്പെട്ടു. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്ന് ആൽപ്സും പഠിപ്പിച്ചു.

അങ്ങനെ പരിശീലന കാലം പൂർത്തിയാക്കി ഞാൻ തിരികെ വീണ്ടും ജർമനിയിലെത്തി.

അവിടെ എന്റെ ആതിഥേയൻ ഒരു മിഷനറി ആയിരുന്നു. ഉവേ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പിന്നീട് ഒരിക്കൽ അദ്ദേഹം കേരളത്തിൽ എന്റെ അതിഥിയായി വരികയും, ചീവീടുകളുടെ സംഗീതം ആസ്വദിക്കാൻ വേണ്ടി ശബരിമലയ്ക്ക് അടുത്തുള്ള വനങ്ങളിൽ പോകുകയും ചെയ്തു. ഉവേയ്ക്ക് ആറടി 9 ഇഞ്ച് ഉയരമാണുള്ളത്. അതിനൊത്ത് വണ്ണവും തെല്ല് നീട്ടി വളർത്തിയ മുടിയും.. അക്ഷരാർത്ഥത്തിൽ ഒരു ഭീമാകാരൻ … അദ്ദേഹമെന്നെ ജർമനിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊക്കെ കൊണ്ടുനടന്ന് കാണിച്ചു. അതിൽ പ്രധാനപ്പെട്ട ഒരു കാഴ്ചയായിരുന്നു വാർട് ബർഗ് കൊട്ടാരം.

നവീകരണ നായകനായി കരുതപ്പെടുന്ന മാർട്ടിൻ ലൂഥർ രണ്ടു വർഷം (1521-22 ) ഒളിവിൽ പാർത്ത സ്ഥലമാണ് ഈ കൊട്ടാരം. അതിനൊരു പശ്ചാത്തലമുണ്ട്. കത്തോലിക്ക സഭ ദൈവത്തിൽ നിന്നും വേദപുസ്തകത്തിൽ നിന്നും വളരെ അകന്നു പോയ ഒരു കാലഘട്ടം… അപ്പോസ്തലന്മാരുടെ നടപടികളിൽ നിന്നും തികച്ചും വിരുദ്ധമായ പല കാര്യങ്ങളും സഭയിൽ നടമാടുന്നുണ്ടായിരുന്നു. കുരിശു വണക്കവും മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനയും പർഗേറ്ററിയും പാപമോചന ചീട്ടും… അങ്ങനെ തുടങ്ങി വചനവിരുദ്ധമായ കുറെയധികം കാര്യങ്ങൾ.

ദൈവവചനം വായിച്ച മാർട്ടിൻ ലൂഥർക്ക് ഇതെല്ലാം തെറ്റാണെന്ന് ബോധ്യമായി. വിശ്വാസത്താൽ മാത്രമാണ് നീതീകരണം ലഭിക്കുന്നത് എന്നും അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെ അദ്ദേഹം, സഭ ചെയ്യുന്ന വചനവിരുദ്ധമായ 95 കാര്യങ്ങൾ എഴുതി പ്രസിദ്ധമായ വിറ്റൻബർഗ് ദേവാലയത്തിന്റെ കവാടത്തിൽ പതിപ്പിച്ചു വച്ചു. 95 തീസീസ് എന്നാണ് അത് അറിയപ്പെടുന്നത്. അദ്ദേഹം ഒരു കത്തോലിക്കാ പുരോഹിതൻ ആയിരുന്നു. ഇതിനെ തുടർന്ന് വേംസ് എന്ന സ്ഥലത്ത് നടന്ന ഒരു അസംബ്ളിയിൽ (Diet of Worms) മാർട്ടിൻ ലൂഥറിനെ വിസ്തരിച്ചു. വിസ്താരത്തിന്റെ ഒടുവിൽ ലൂഥർ ഒരു ക്രിമിനൽ ആണെന്നും സഭാ വിരുദ്ധൻ ആണെന്നും സഭയുടെ തകർച്ചയ്ക്കു വേണ്ടി ശ്രമിക്കുന്നവനാണെന്നും അവർ വിധി പ്രഖ്യാപിച്ചു. അതിന്റെ ഫലമായി ആർക്കും മാർട്ടിൻ ലൂഥറെ കൊല്ലാം എന്നെ സ്ഥിതി വന്നു. കൊന്നാൽ ആരും ചോദിക്കുകയില്ല. ഇത് അപകടകരമായ ഒരു സാഹചര്യമാണ് എന്ന് തിരിച്ചറിഞ്ഞ് സാക്സണിയിലെ ജനപ്രതിനിധിയായ ഫ്രഡറിക് III, വേംസിൽ നിന്നും വിറ്റൻ ബർഗിലേക്ക് ലൂഥർ മടങ്ങി വരവേ , മാർഗമധ്യേ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. എന്നിട്ട് സുരക്ഷിതനായി വാർട്ട്ബർഗ് കൊട്ടാരത്തിൽ കൊണ്ടുവന്ന് അവിടെ ഒരു മുറിയിൽ രഹസ്യമായി പാർപ്പിച്ചു. ആരോ അജ്ഞാതർ ലൂഥറിനെ തട്ടിക്കൊണ്ടുപോയി കൊന്നിട്ടുണ്ടാവുമെന്ന് ബാഹ്യലോകം കരുതി. എന്നാൽ ലൂഥർ ഇവിടെ സുരക്ഷിതനാണെന്നുള്ളത് ആരും അറിഞ്ഞില്ല. അദ്ദേഹത്തിൻറെ പേര് പോലും മാറ്റി. ജങ്കർ ജോർജ് എന്നായിരുന്നു അവിടെ പാർക്കുമ്പോൾ മാർട്ടിൻ ലൂഥറുടെ പേര്. ആ കൊട്ടാരത്തിലെ ഒരു മുറിയിൽ ഇരുന്നാണ് ലൂഥർ ബൈബിൾ വിവർത്തനം ചെയ്തത്. ആ സ്ഥലം ഒന്നു കാണുവാൻ വേണ്ടി ഞാൻ ഉവേയോടൊപ്പം അവിടെ പോവുകയുണ്ടായി.

കൊടിയ ശൈത്യ കാലമായിരുന്നു അത്. ജർമനി പൊതുവേ ഒരു തണുപ്പ് രാജ്യമാണ്. ഞാൻ എന്റെ വസ്ത്രങ്ങളുടെ മീതെ സ്വെറ്ററും അതിനുമേൽ ജാക്കറ്റുമൊക്കെയിട്ടാണ് പോയത്. എന്നിട്ടും തണുത്തുവിറയ്ക്കുകയാണ്. വാർട്ട്ബർഗ് കൊട്ടാരത്തിന് മുൻപിൽ സാമാന്യം നല്ല ക്യൂ ഉണ്ടായിരുന്നു. ആ ക്യൂവിൽ നിന്നിരുന്ന ജർമൻകാരായ നിരവധി വ്യക്തികൾ ആ തണുപ്പിൽ വെറും ടീഷർട്ടും ധരിച്ചു് നിന്ന് ഐസ്ക്രീം കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത അമ്പരപ്പ് ഉണ്ടായി. ഞാൻ അവരോട് അതിനെ കുറിച്ച് ചോദിക്കുക തന്നെ ചെയ്തു. എന്റെ ജന്മനാട് ഏതാണ് എന്നായിരുന്നു അവരുടെ മറുചോദ്യം. “ഇന്ത്യ” എന്ന് ഞാൻ പറഞ്ഞപ്പോൾ അവർ വീണ്ടും ചോദിച്ചു, “ഇന്ത്യ ഒരു ഉഷ്ണ രാജ്യമാണല്ലോ. ഒരു Tropical country. എന്നാൽ ഇന്ത്യക്കാരായ നിങ്ങൾ മൂന്നു നേരവും ചൂട് ഭക്ഷണം കഴിക്കുന്നവരല്ലേ. എങ്ങനെ ആ ചൂട് രാജ്യത്ത് ചൂട് ഭക്ഷണം നിങ്ങൾ കഴിക്കുന്നു? ” ആ ചോദ്യത്തിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.

ഏറെ വൈകാതെ ഞങ്ങൾ കൊട്ടാരത്തിനുള്ളിൽ പ്രവേശിച്ചു. കൗതുകകരമായ പല കാഴ്ചകളും കണ്ടു. ഒടുവിൽ മാർട്ടിൻ ലൂഥർ ഇരുന്നിരുന്ന ആ മുറിയുടെ മുൻപിൽ എത്തി. അവിടെ പ്രധാനപ്പെട്ട ഒരു സംഭവം നടന്നതായി ഞങ്ങളുടെ ഗൈഡ് പറഞ്ഞുതന്നു. ലൂഥർ അവിടെ ഇരുന്നു കൊണ്ടാണത്രേ ബൈബിൾ വിവർത്തനം ചെയ്തത്. ഒരു ഘട്ടത്തിൽ പിശാച് ഒരു വണ്ട് പോലെ തന്റെ മുൻപിൽ പറന്നു നടന്ന് അദ്ദേഹത്തെ ശല്യപ്പെടുത്തിയത്രേ. എത്ര ആട്ടിപ്പായിക്കാൻ ശ്രമിച്ചിട്ടും പിശാച് പോകുന്നില്ല. ഒടുവിൽ ലൂഥർ, എഴുതിക്കൊണ്ടിരുന്ന പേന മുക്കുന്ന മഷിക്കുപ്പി എടുത്തു ഈ പിശാചിനെ എറിഞ്ഞു. പിശാച് അവിടുന്ന് അപ്രത്യക്ഷനായി. പക്ഷേ മഷികുപ്പി ആ മുറിയുടെ ഭിത്തിയിൽ ചെന്ന് തട്ടി അവിടെ എല്ലാം മഷി പടർന്നു. ഈ കാര്യം പറഞ്ഞിട്ട് ഗൈഡ് ആ ഭിത്തിയിൽ പടർന്നിരിക്കുന്ന മഷി ഞങ്ങളെ കാണിച്ചു തന്നു. ആരൊക്കെയോ ആ ഭിത്തിയുടെ മഷി പടർന്ന് ഭാഗത്തുനിന്നും അല്പം നഖം കൊണ്ട് ചുരണ്ടിയെടുത്ത് കൊണ്ടു പോകുന്നത് ഞാൻ കണ്ടു. ആരും തടയുന്നില്ല താനും. അപ്പോൾ ഞാൻ ഗൈഡിനോട് ചോദിച്ചു. “പലരും ഇങ്ങനെ ഈ മഷി ചുരണ്ടിയെടുത്തു കൊണ്ടു പോയാൽ കുറേ കഴിയുമ്പോൾ ഇതെല്ലാം തീർന്നു പോകില്ലേ?” അപ്പോൾ ഗൈഡ് പറഞ്ഞു, “തീർന്നു പോകും. അപ്പോൾ ഞങ്ങൾ വീണ്ടും മഷി തേച്ചു വയ്ക്കും.” ചിരിച്ചു കൊണ്ടാണ് അദ്ദേഹം മറുപടി അവസാനിപ്പിച്ചത് .

അവിടെ നടന്ന സംഭവത്തി ന്റെ നിജാവസ്ഥ പിന്നീടാണ് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞത്. അവിടെ അക്ഷരാർത്ഥത്തിൽ പിശാച് വരികയായിരുന്നില്ല. മാർട്ടിൻ ലൂഥർ യേശുവിനെ രക്ഷകനായി സ്വീകരിച്ചു കഴിഞ്ഞു്, “ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല” എന്ന (റോമർ 8:1) വാക്യത്തെ മനസ്സിൽ ഉറപ്പിച്ചു തന്റെ ജീവിതം മുന്നോട്ടു നയിച്ചപ്പോൾ പിശാച് മനസ്സിലേക്ക് അദ്ദേഹത്തിന്റെ പൂർവ്വകാല ജീവിതം കൊണ്ടുവന്നു. ഒട്ടേറെ തെറ്റുകൾ ചെയ്തിട്ടുള്ള ലൂഥറിനോട് പിശാച് ചോദിച്ചു, “നീ ഇത്രയധികം തെറ്റുകൾ ചെയ്ത ഒരു മനുഷ്യനാണ്. ഇതെല്ലാം ദൈവം ക്ഷമിക്കും എന്ന് വെറുതെയങ്ങ് കരുതിയാൽ അത് ശരിയാകുമോ?” ലൂഥറിന്റെ മനസ്സിലേക്ക് പിശാച് നിരന്തരം കുറ്റബോധവും വിഷമവും ഭയവും ആശങ്കയും സംശയവും ഒക്കെ കൊണ്ടുവന്നു. ഏറെ ആലോചനകൾക്ക് ശേഷം ബൈബിളിലെ ഒരു വാക്യം ഉദ്ധരിച്ചു കൊണ്ടാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചത്. താൻ ചെയ്തു എന്ന് പിശാച് തന്റെ മനസ്സിൽ ഓർമ്മപ്പെടുത്തിയ ഓരോ പാപങ്ങളും ലൂഥർ ഒരു കടലാസിൽ എഴുതി വെച്ചു. എന്നിട്ട് ഒരു ചുവന്ന മഷി പേന എടുത്ത് അതിൽ ഒരു വലിയ ഗുണനചിഹ്നം വരച്ചു. താഴെ ഒരു ബൈബിൾ വാക്യം എഴുതുകയും ചെയ്തു. “അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു” (1 യോഹന്നാൻ 1:7). ഞാൻ എത്ര കൊടിയ പാപി ആണെങ്കിലും ആ പാപങ്ങളെല്ലാം യേശു ക്ഷമിച്ചു തരും എന്ന ബോധ്യമാണ് ഈ വാക്യത്തിലൂടെ ലൂഥറിനു ഉണ്ടായത്. ഇതാണ് മഷികുപ്പി ഉപയോഗിച്ച് മാർട്ടിൻ ലൂതർ പിശാചിനെ എതിർത്ത കഥയുടെ പിന്നാമ്പുറ ചരിത്രം. എന്നാൽ അതിന് മറ്റൊരു വിശദീകരണവും മറ്റൊരു വ്യാഖ്യാനവും ഉണ്ടാവുകയും നാടകീയമായ ചില കാര്യങ്ങൾ പറഞ്ഞു പരത്തുകയും ചെയ്തു.. അങ്ങനെയാണ് ആ ഭിത്തിയിലെ മഷി അവിടെ വന്ന കഥ.

ഉവേയുടെ തണലിൽ ഞാൻ കൊട്ടാരത്തിന്റെ പടിക്കെട്ടുകളിറങ്ങിയപ്പോൾ , മാർട്ടിൻ ലൂഥർ എന്ന നവീകരണ നായകന്റെ നിറസാന്നിദ്ധ്യം അവിടെയെല്ലാം എനിക്കനുഭവപ്പെട്ടു.