യുക്രെയ്‌നു വേണ്ടി നമ്മൾ എന്തിനു പ്രാർത്ഥിക്കണം?

നമ്മുടെ തലയ്ക്കു മീതെ തൂങ്ങി നിൽക്കുന്ന ‘ഡെമോക്ലീസിന്റെ വാൾ’ ഏതു നിമിഷവും ചരടറ്റു താഴേക്ക് പതിക്കാം. യുക്രെയ്ൻ – റഷ്യ യുദ്ധം അനുനിമിഷം മുറുകുകയാണ്. ഒരു ലോക മഹായുദ്ധത്തിലേക്കോ ആണവയുദ്ധത്തിലേക്കോ ഇത് നീങ്ങുമോ എന്ന് അറിഞ്ഞു കൂടാ. അങ്ങനെ സംഭവിച്ചാൽ…..

അങ്ങ് ദൂരെ 5800. കി മി അകലെ സംഭവിക്കുന്ന ഒരു ദുരന്തം എന്ന് കരുതി ആശ്വസിച്ചിരിക്കാൻ നമുക്കാവില്ല. ഏതു നിമിഷവും ഭാരതവും ഇതിന്റെ കെടുതികളിലേക്കു നീങ്ങിയേക്കാം. ഇപ്പോൾ തന്നെ അനേകം ഭാരതീയ കുടുംബങ്ങളിൽ മുറവിളി മുഴങ്ങുകയാണ്. കൂടാതെ നമ്മുടെ സാമ്പത്തിക ലോകം കൂപ്പു കുത്തി തുടങ്ങി. മറ്റനേകം ദുരന്തങ്ങൾ ഒന്നൊന്നായി കാത്ത് നിൽക്കുന്നു.

ഈ ഘട്ടത്തിൽ ലോകജനതയുടെ സമാധാനത്തിനു വേണ്ടി നമ്മൾ പ്രാർത്ഥിക്കണം. അപ്പോൾ തന്നെ ഉക്രെയ്‌നു വേണ്ടി നാം പ്രത്യേകമായി പ്രാർത്ഥിക്കേണ്ട മറ്റൊരാവശ്യം കൂടെയുണ്ട്.

ഏകദേശം 67.2% ആളുകൾ ഇന്ന് യുക്രെയ്‌നിൽ ക്രൈസ്തവ വിശ്വാസം ഉൾക്കൊള്ളുന്നവരാണ്. യുക്രെയ്‌ന്റെ ക്രൈസ്തവപാരമ്പര്യത്തിന് അപ്പോസ്തോലിക കാലത്തോളം പഴക്കമുണ്ട് എന്നാണ് പൊതുവെയുള്ള വിശ്വാസം. ക്രിസ്തു ശിഷ്യന്മാരിൽ ഒരുവനായ അന്ത്രയോസ് സുവിശേഷവുമായി കരിംകടലിന്റെ തീരപഥങ്ങളിലൂടെ യാത്ര ചെയ്തു, ഒടുവിൽ കീവിലെ മലമടക്കുകൾ കയറി ഇറങ്ങിയതായി പറയപ്പെടുന്നുണ്ട്. ഒൻപതാം നൂറ്റാണ്ടിലെ ക്രൈസ്തവസാന്നിധ്യത്തിനു വ്യക്തമായ രേഖകളുണ്ട്. മഹാനായ വ്ലാദിമിർ ചക്രവർത്തി സ്ലാവിക് പേഗനിസം വിട്ടു ക്രിസ്തു മാർഗം സ്വീകരിച്ചതോടെ രാജ്യത്തു ക്രമേണ ക്രൈസ്തവ വിശ്വാസം ഊട്ടി ഉറപ്പിക്കപ്പെട്ടു. അത് AD 988ലായിരുന്നു. പിന്നീട് രണ്ടാം ലോകമഹായുദ്ധകാലത്തു മതവിശ്വാസങ്ങളെല്ലാം പാടെ ഉപേക്ഷിക്കപ്പെട്ടു. റഷ്യൻ വിപ്ലവത്തിനും റഷ്യൻ ആഭ്യന്തര കലാപത്തിനും ശേഷം റഷ്യൻ സാമ്രാജ്യത്തിന്റെ അധികാരം ബോൾഷെവിക്കുകൾ പിടിച്ചെടുക്കുകയും സോവിയറ്റ് യൂണിയൻ രൂപം കൊള്ളുകയും ചെയ്തു. എങ്കിലും സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെ ജനങ്ങളിൽ ദൈവവിശ്വാസം മടങ്ങിയെത്തി.

1922യിൽ സോവിയറ്റ് യൂണിയൻ രൂപം കൊണ്ടപ്പോൾ അതിനു നേതൃത്വം കൊടുത്ത ഒരു രാഷ്ട്രമാണ് യുക്രെയ്ൻ. എന്നാൽ പിന്നീട് 1991യിൽ സോവിയറ്റ് യൂണിയൻ ശിഥിലമായപ്പോൾ യുക്രെയ്ൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

ബ്രെത്റൻ സമൂഹത്തിന്റെ ഒരു പ്രാഗ്‌രൂപം എന്ന് വിശേഷിപ്പിക്കാവുന്ന അന – ബാപ്ടിസ്റ്റുകളുടെ സാന്നിധ്യം പതിനാറാം നൂറ്റാണ്ടിൽ യുക്രെയ്‌നിൽ ഉണ്ടായിരുന്നു. എന്നാൽ മൂന്നു നൂറ്റാണ്ടുകളോളം ഇത് സുഷുപ്താവസ്ഥയിലായിരുന്നു. 18 – 19 നൂറ്റാണ്ടുകളിൽ ജർമൻ കുടിയേറ്റക്കാരോടൊപ്പമാണ് പ്രൊട്ടസ്റ്റന്റ് വിശ്വാസം യുക്രെയ്‌നിൽ സജീവമാകുന്നത്. ലൂഥറൻ, അന – ബാപ്റ്റിസ്റ്റ് വിഭാഗക്കാരായിന്നു അവർ. സ്ടന്റിസ്റ്റുകൾ എന്നറിയപ്പെട്ട ഒരു സുവിശേഷ വിഹിത സമൂഹവും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ശക്തമായ അന്തർ ദേശീയ ബന്ധങ്ങൾ ഉണ്ടായിരുന്ന ബാപ്റ്റിസ്റ്റ് സമൂഹമാണ് പിന്നീട് ഇവിടെ പ്രബലമായി മാറിയത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വോളിൻ കേന്ദ്രമാക്കി യുകെയ്‌നിലെ പ്രൊട്ടസ്റ്റന്റ് സമൂഹം വികസിച്ചു വന്നു. ഇന്ന് ബാപ്റ്റിസ്റ്റ്, പെന്തക്കോസ്തു, ശാബത് എന്നീ വിഭാഗങ്ങളാണ് ശ്രദ്ധേയമായ പ്രൊട്ടസ്റ്റന്റ് സമൂഹം. കീവിലെ ഹിൽസോങ് ചർച് വളരെ പ്രസിദ്ധമാണ്. ഓർത്തഡോൿസ് സമൂഹവുമായി താരതമ്യം ചെയ്യുമ്പോൾ ഇവർ ഒരു ചെറിയകൂട്ടമാണെങ്കിലും വളരെ സജീവമാണ്. കിഴക്കൻ യൂറോപ്പ് – മധ്യഏഷ്യൻ രാഷ്ട്രങ്ങളെ പരിഗണിക്കുമ്പോൾ ഏറ്റവുമധികം മിഷനറിമാരെ സുവിശേഷ വയലിലേക്ക് പറഞ്ഞയക്കുന്ന ഒരു രാഷ്ട്രമാണ് യുക്രൈൻ. ഈ യുദ്ധം മൂലം ആ സുവിശേഷമുന്നേറ്റ സംരംഭത്തിന് ക്ഷീണം തട്ടാം.

ദീർഘകാലമായി അന്തരീക്ഷം അയവില്ലാത്തതാണെങ്കിലും സഭ ഉണർവുള്ളതു തന്നെയായിരുന്നു. സഭയിലെ ചുമതലപ്പെട്ടവർ പലരും ഈ നാളുകളിലും തങ്ങളുടെ സഭാംഗങ്ങളെ സ്വന്തം വീട്ടിലും അതുപോലെയുള്ള സുരക്ഷിത കേന്ദ്രങ്ങളിലും സംരക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്.

“യുദ്ധം മുറുകിയപ്പോൾ ആഹാരമൊന്നും കിട്ടാതായി. കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ ഒരു റൊട്ടിയോ വെള്ളമോ കിട്ടുമോ എന്ന് അന്വേഷിച്ചു വീടിനു പുറത്തിറങ്ങിയതായിരുന്നു ഞാൻ. പെട്ടെന്ന്, അപകടസൂചനയായി സൈറൻ മുഴങ്ങി. കുടുംബമായി ബങ്കറിലേക്കു ഓടിച്ചെന്നപ്പോൾ പുരുഷന്മാരെ അതിൽ കയറ്റുവാൻ അധികാരികൾ കൂട്ടാക്കിയില്ല. എന്ത് ചെയ്യും എന്ന് വിഷമിച്ചിരുന്നപ്പോൾ സഭയിലെ ഇടയന്റെ ഒരു ഫോൺ കോൾ. അങ്ങനെ കുടുംബമായി ഞങ്ങൾ അദ്ദേഹത്തിന്റെ ഭാവനത്തിലെത്തി. തല്ക്കാലം സുരക്ഷിതരാണ്. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് അറിയില്ല.” യുദ്ധത്തിന്റെ പ്രകമ്പനം നിരന്തരം മുഴങ്ങുന്ന കാർ കീവ് എന്ന സ്ഥലത്തു നിന്നും കല്ലിശേരിക്കാരനായ നമ്മുടെ ഒരു സഹോദരൻ റിപ്പോർട്ട് ചെയ്തു.

പ്രതിസന്ധി ഘട്ടത്തിൽ, തങ്ങളുടെ കുഞ്ഞാടുകളെ ഉപേക്ഷിച്ചു പുറത്തെങ്ങോട്ടും രക്ഷപെട്ടു പോകാൻ ഇടയന്മാർ തയ്യാറാകുന്നില്ല. അതൊരു നല്ല മാതൃകയാണ്. ആവും വിധം ക്രിസ്തീയ സ്നേഹം വെളിപ്പെടുത്താനുള്ള ഒരു അവസരമാണിത് എന്നവർ കരുതുന്നു.

വ്ലാദിമിർ പുടിൻ അന്തിക്രിസ്തുവാണെന്നൊന്നും പറയുന്നത് തീരെ ഉചിതമായിരിക്കില്ല. പക്ഷെ ഈ യുദ്ധം ഉക്രെയ്‌നിലെ സജീവമായ സഭയുടെ വളർച്ചക്ക് വലിയ വിഘാതമായി തീരും എന്നതിന് സംശയമില്ല. KGB യുടെ പൂർവ രൂപമായ NKVD അംഗമായിരുന്ന, പുട്ടിന്റെ പിതാവ് ഒരു നിരീശ്വരനായിരുന്നു. അമ്മയാകട്ടെ ഒരു ഓർത്തഡോൿസ് സഭാവിശ്വാസിയും. പുട്ടിനും അമ്മയുടെ വിശ്വാസം അനുഗമിക്കുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇപ്പോഴത്തെ യുക്രൈൻ അക്രമം മൂലം അവിടെ നിന്നുമുള്ള മിഷനറി പ്രവർത്തനങ്ങൾക്കെല്ലാം ഉപരോധം ഉണ്ടാവുകയാണ്. റഷ്യക്ക് അവരുടേതായ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെങ്കിലും ഒരു യുദ്ധം സൃഷ്ടിക്കുന്ന കെടുതികൾ വളരെ വലുതാണ്. സഭകൾ ദീർഘ കാലത്തേക്ക് മുരടിച്ചു പോകും. ഈ കൊറോണ കാലത്തേ പ്രശ്നങ്ങളിൽ നിന്നും മോചനം നേടാൻ സഭകൾക്ക് ഇനി എത്രയോ കാലം വേണ്ടി വരും. അതിന്റെ പിന്നാലെയാണ് ലോക വ്യവസ്ഥകളെ എല്ലാം തച്ചുടക്കുന്ന ഇപ്പോഴത്തെ ഈ യുദ്ധം.

ബൈബിൾ പ്രവചനങ്ങൾ ഒന്നൊന്നായി നിറവേറി കൊണ്ടിരിക്കുകയാണ്. ഇത് സാധാരണ നാളുകൾ അല്ല. ഈറ്റുനോവിന്റെ ആരംഭമാണ് ഏന് നാം തിരിച്ചറിയണം. ആ ബോധ്യത്തോടെ ദൈവത്തോട് കൂടുതൽ സമർപ്പിതരാകുവാൻ നമുക്കിടയാകട്ടെ. ലോകസമാധാനത്തിനു വേണ്ടി, വിശേഷാൽ യുക്രെയ്‌ന്റെ ശാന്തിക്ക് വേണ്ടി, അവിടെയുള്ള സഭകൾക്ക് വേണ്ടി, ജനങ്ങൾക്ക് വേണ്ടി നാം പ്രാർത്ഥനാനിരതർ ആകണം.

ജോർജ് കോശി മൈലപ്ര
www.unclegk.in