“നിങ്ങൾ എന്തെങ്കിലും ആത്മാർഥമായി ആഗ്രഹിക്കുമ്പോൾ പ്രപഞ്ചം മുഴവനും കൂടെ ഒരു ഗൂഢാലോചന നടത്തും, അത് നിങ്ങൾക്ക് സാധ്യമാക്കി തരുവാൻ. സ്വപ്‌നങ്ങൾ സഫലമാകുന്നതിനോളം ജീവിതത്തെ വർണാഭമാക്കുന്നതെന്തുണ്ട്?” പൗലോ കെയ്‌ലൊ
മാന്ത്രികനായ മാൻഡ്രക്കിനോടും നടക്കും ഭൂതം ഫാന്റത്തോടും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. അവരാണ് ബാല്യത്തിൽ എന്നെ വായനയുടെ ലോകത്തിലേക്ക് ആകർഷിച്ചത്. മനോരമ പത്രത്തിലായിരുന്നു അന്ന് ഈ കോമിക് സ്ട്രിപ്പുകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്.
എഴുത്തിലേക്ക് തിരിയുന്നവരുടെ മുഖ്യ മൂലധനം പദസമ്പത്താണ്. അത് ആർജിക്കുവാൻ ഉപായങ്ങളൊന്നുമില്ല. വായന തന്നെ ശരണം. ഭാവിയിൽ ഒരു എഴുത്തുകാരനാകണമെന്ന ചിന്തയൊന്നും ഇല്ലായിരുന്നുവെങ്കിലും കുഞ്ഞുംനാളിൽ മുതൽക്കേ ഞാൻ ഒരു വായനക്കാരനായിരുന്നു. കയ്യിൽ കിട്ടുന്നതെന്തും വായിക്കും.
അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങിയപ്പോൾ പിതാവ് CLS ൽ നിന്നും കഥാ പുസ്തകങ്ങൾ വാങ്ങിത്തന്നു തുടങ്ങി. സ്നേഹലത, രവിയുടെ കുടച്ചക്രം, ലക്കിസ്റ്റാർ റ്റെർലിൻ ഷർട്ട് തുടങ്ങി അപൂർവം ചില പുസ്തകങ്ങളുടെ പേരുകളെ ഇപ്പോൾ ഓർമയിലുള്ളു. കൂടാതെ ജോയൻ കുമരകത്തിന്റെ ഒട്ടുമിക്ക ബാലസാഹിത്യ ഗ്രന്ഥങ്ങളും തേടിപ്പിടിച്ചു വായിച്ചു. മധുരം ചുരത്തുന്ന വാക്കുകൾ ഉപയോഗിച്ച് ഇങ്ങനെയും എഴുതാനാവുമോ എന്ന് ഞാൻ അത്ഭുതം കൂറി.
വായനയുടെ ലോകം
ഹൈസ്കൂളിൽ എത്തിയപ്പോഴേക്കും വായനയുടെ ലോകം കുറച്ചു കൂടെ വിപുലമായി. അന്ന് ഞങ്ങളുടെ നാട്ടിലെ പത്രം ഏജന്റ് ഞങ്ങളുടെ സഭയിലെ ഒരു വ്യക്തി ആയിരുന്നു. സ്വ. ലേ ബേബിച്ചായൻ എന്ന് അദ്ദേഹം അറിയപ്പെട്ടു. ഞായറാഴ്ചദിവസവും രാവിലെ കുറെനേരം പത്രം വിതരണം ചെയ്തിട്ട് കൃത്യമായി അദ്ദേഹം ആരാധനായോഗത്തിനെത്തും. ബാക്കി പത്രം യോഗം കഴിഞ്ഞായിരിക്കും വിതരണം ചെയ്യുക. തന്റെ സൈക്കിളിന്റെ പിന്നിൽ പല പത്രങ്ങളും മാസികകളും ഉണ്ടാവും. ഈ സൈക്കിൾ കൊണ്ടുവെക്കുന്നത് അടുത്തുള്ള, തറയിൽ എന്ന വീടിന്റെ വരാന്തയിൽ.
സഭയിൽ, ആരാധനായോഗം കഴിഞ്ഞു വചനശുശ്രൂഷ തുടങ്ങും മുൻപേ ഒരു 15 മിനിറ്റിന്റെ ഇടവേള ഉണ്ടായിരുന്നു. ആളുകൾ ജലപാനത്തിനും പ്രകൃതിയുടെ വിളിക്കു പ്രതികരിക്കാനുമൊക്കെ പോകുന്ന സമയമാണിത്.
ഞാൻ ഈ സമയത്തു നേരെ തറയിൽ വീട്ടിലേക്കു ഓടും. അവിടുത്തെ അമ്മ കുടിക്കാൻ ചൂട് വെള്ളം തരും. പക്ഷെ എന്റെ ദാഹം മറ്റൊന്നിനായിട്ടായിരുന്നു. ദീപിക പത്രത്തിന്റെ ഞായർ പതിപ്പിൽ വന്നു കൊണ്ടിരുന്ന തുടർ നോവൽ ആയിരുന്നു എന്റെ താല്പര്യം. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനനായിരുന്നു ഞാൻ ഖണ്ടശ്ശ: വായിച്ച ആദ്യനോവൽ എന്ന് തോന്നുന്നു. തുടർന്ന് കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്റ്റീവ് നോവലിലേക്കു തിരിഞ്ഞു. നോവലിന്റെ പേര് ഓർമ്മയില്ല. പക്ഷെ കാളിച്ചരൻ എന്നൊരു വില്ലൻ കഥാപാത്രത്തെ മറക്കാനാവുന്നില്ല. അക്കാലത്തു വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിലെ ഒരു കളിക്കാരനും അതേ പേരുണ്ടായിരുന്നു.
ക്രമേണ കോട്ടയം പുഷ്പനാഥ് എന്നെ അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ ഡ്രാക്കുളക്കോട്ടയിൽ തടവുകാരനാക്കി. സ്‌കൂളിലെയും ഗ്രാമത്തിലെയും മറ്റും ലൈബ്രറികളിൽ നിന്നായി 76ലധികം പുഷ്പനാഥ് നോവലുകളാണ് അടുത്ത മൂന്നു നാലു വർഷങ്ങൾ കൊണ്ട് വായിച്ചു തീർത്തത്. ഒരു ചരിത്ര അധ്യാപകനായിരുന്ന പുഷ്പനാഥ്, താൻ ഒരിക്കലും സഞ്ചരിച്ചിട്ടില്ലാത്ത ഭൂപ്രദേശങ്ങളെപ്പറ്റിയൊക്കെ വിവരിക്കുമ്പോൾ നാം ആ ഭൂമികയിലൂടെ സഞ്ചരിക്കുന്നതായി തോന്നുമായിരുന്നു. ഉദ്വോഗം ജനിപ്പിക്കുന്നതും പരിണാമഗുപ്തി നിലനിർത്തുന്നതുമായ ആ എഴുത്തുശൈലിയാണ് എന്നെ പുഷ്പനാഥ് എന്ന എഴുത്തുകാരനിലേക്കു അടുപ്പിച്ചത്. എന്നെങ്കിലും അദ്ദേഹത്തെ ഒന്ന് ദൂരെ നിന്നെങ്കിലും കാണണമെന്ന് ഞാൻ ആശിച്ചിരുന്നു. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയെയും വളരെ ഭീതിയോടെ ആ നാളുകളിൽ തന്നെ പരിചയപ്പെട്ടതോർമയുണ്ട്.
ബോബനും മോളിയും
എല്ലാ മലയാളികളെയും പോലെ അന്ന് എന്നെയും കൗതുകപൂർവ്വം ആകർഷിച്ച കഥാപാത്രങ്ങളായിരുന്നു, ബോബനും മോളിയും. ഇവരുടെ സൃഷ്ടാവായ കാർട്ടൂണിസ്റ്റ് ടോംസ് അന്ന് എന്നെ സംബന്ധിച്ച് ഒരു ബാലികേറാമലയിൽ ആയിരുന്നു. എത്തിനോക്കി കാണാൻ പോലും സാധിക്കും എന്ന് കരുതിയില്ല.
എഴുത്തിന്റെ ആദ്യകാലം പ്രധാനമായും കവിതയുമായിട്ടായിരുന്നു പ്രണയം. അതിനാൽ വായന പിന്നെ കാവ്യഗ്രന്ഥങ്ങളിലേക്കു തിരിഞ്ഞു. കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും സൈമൺ സാറിന്റെ വേദവിഹാരം ആദ്യകാലവായനയിൽ പെട്ടിരുന്നു. തൊട്ടു പിന്നാലെ പുത്തൻകാവ് മാത്തൻ തരകൻ സാറിന്റെ വിശ്വദീപം മഹാകാവ്യത്തിലൂടെ ഒന്ന് സഞ്ചരിച്ചു. ആ മഹാകവിയെ പരിചയപ്പെടണമെന്നും താല്പര്യപ്പെട്ടിരുന്നു. സുഗതകുമാരി ടീച്ചറാണ് എന്നെ ആകർഷിച്ച മറ്റൊരാൾ. ആ കവയിത്രിയെയും കാണണമെന്ന് മോഹം മനസ്സിൽ ജനിച്ചു. ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും വിലക്കിടേണ്ടതില്ലല്ലോ.
അങ്ങനെയിരിക്കവെയാണ് സംസ്ഥാനതല സ്‌കൂൾ യുവജനോത്സവത്തിൽ കാവ്യരചനയിൽ പങ്കെടുക്കാൻ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി. കോഴിക്കോട് സാമൂതിരികോളേജിൽ ആയിരുന്നു മത്സരം നടന്നത്. പോകും മുൻപേ രചനാപരിശീലനത്തിനായി, പിതാവ് എന്നെ തന്റെ ഒരു സ്നേഹിതന്റെ അടുക്കൽ എത്തിച്ചു. അത് മാത്തൻ തരകൻ സാർ ആയിരുന്നു. ഞാൻ അമ്പരന്നു പോയി. കാണണമെന്ന് സ്വപ്നം കണ്ട ഒരു മഹാന്റെ ശിഷ്യൻ ആകാൻ കഴിയുന്നു എന്ന സുകൃതം.
തരകൻ സർ ഓരോ ദിവസവും ഓരോ വിഷയം പറയും. അരി , യുദ്ധം, വിശപ്പ് , ആന, മഴ എന്നിങ്ങനെയൊക്കെ. ഞാൻ ആ വിഷയം ഉപലബ്ദിച്ചു കവിത എഴുതണം. പിറ്റേന്ന് അദ്ദേഹം അത് തിരുത്തി തരും. അതായിരുന്നു പരിശീലന രീതി. വലിയമ്മാവനായ P M ഡാനിയേൽ മഹോപാധ്യായയുടെ അടുത്ത് നിന്നും അഞ്ചു വർഷങ്ങൾ സംസ്‌കൃതം പഠിച്ചത് ഈ ഘട്ടത്തിൽ പ്രയോജനപ്പെട്ടു.
തരകൻ സാർ എന്നെ ചില ശില്പശാലകൾക്കും കൊണ്ട് പോയി. ഒരിക്കൽ ക്ലാസ് എടുക്കാൻ വന്നത് സുഗതകുമാരി ടീച്ചർ. മറ്റൊരു ആഗ്രഹസഫലീകരണം. ടീച്ചറുടെ ‘കൃഷ്ണ നീയെന്നെ അറിയില്ല’ എന്ന കവിതയെ അവലംബമാക്കി ഞാൻ എഴുതിയ “ക്രിസ്തോ നീയെന്നെ അറിയില്ല”, ആദ്യം വായിച്ചു കേൾപ്പിച്ചതും ടീച്ചറെ തന്നെ ആയിരുന്നു. അവർ അന്ന് നല്ല വാക്ക് പറഞ്ഞു പ്രോത്സാഹിപ്പിച്ചില്ലായിരുന്നെങ്കിൽ, ഒരുപക്ഷെ എന്റെ എഴുത്തു മുരടിച്ചു പോകുമായിരുന്നേനെ.

ഒരു കഥാശില്പശാലയിൽ പങ്കെടുത്തപ്പോൾ, കൃശഃഗാത്രനും കഷണ്ടിക്കാരനുമായ ഒരു സുമുഖൻ ഇങ്ങോട്ടു വന്നു പരിചയപ്പെട്ടു. ആദ്യം ചോദിച്ചത് ഓമനപ്പേരായിരുന്നു . എന്നിട്ടു എന്റെ നോട്ട് ബുക്കിൽ അദ്ദേഹം എഴുതി , “ജോജി എന്ന പേര് എനിക്കെന്തിഷ്ടമാണെന്നോ?” വെറുതെ എഴുതുക മാത്രമായിരുന്നില്ല, തന്റെ ചില കഥകളിലെ കഥാപാത്രങ്ങൾക്ക് ആ പേരിടുകയും ചെയ്തു. അങ്ങനെ എന്നോടുള്ള സ്നേഹം പ്രകടിപ്പിച്ച ആ കഥാകാരൻ ആരായിരുന്നുവെന്നോ? പണ്ടേ എന്റെ മനസ്സിൽ കയറിക്കൂടിയിരുന്ന, മഞ്ഞിന്റെ നാട്ടിലെ രാജകുമാരനെക്കുറിച്ചും സ്നേഹകുമാരിയെ കുറിച്ചുമൊക്കെ എഴുതിയ ബാലസാഹിത്യകാരൻ ജോയൻ കുമാരകം. സ്വപ്നം ഒരു യാഥാർഥ്യമായി കണ്മുൻപിൽ. പിന്നീട് അദ്ദേഹത്തിന്റെ ചില ഗ്രന്ഥങ്ങളുടെ പ്രസാധകനാകാനും സാധിച്ചു. കഴിഞ്ഞ വർഷം മരണമടയും മുൻപ് വരെ ഞങ്ങൾ ഉറ്റ ചങ്ങാതിമാരായിരുന്നു.
വായന ഒരു വൃതമായിരുന്ന നാളുകളിൽ, ബോബനും മോളിയും പോലെ മനോരമയിൽ ആകർഷിച്ച ഒരു പംക്തിയായിരുന്നു ‘മനഃശാസ്ത്രഞ്ജനോട് ചോദിക്കുക’ എന്നത്. ഡോക്ടർ P M മാത്യു വെല്ലൂർ ആയിരുന്നു അത് കൈകാര്യം ചെയ്തു കൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ മനഃശാസ്ത്ര വിശകലനങ്ങൾ ആരെയും ആകർഷിക്കുമായിരുന്നു. ഒരു കഥാകൃത്തും കൂടെ ആയിരുന്നതിനാൽ നല്ല വായനാസുഭഗതയോടെയായിരുന്നു മാത്യു സാറിന്റെ രചന. അദ്ദേഹത്തെ എന്നെങ്കിലും ഒന്ന് പരിചയപ്പെടണം എന്ന് അന്നേ ഞാൻ മനസ്സിൽ കുറിച്ചിട്ടു.
ആദ്യത്തെ ബൈ ലൈൻ
കലാലയ നാളുകളിലാണ് അല്പം ഇംഗ്ലീഷ് വായനയൊക്കെ തുടങ്ങിയത്. കോളേജിലെ ലൈബ്രറിയിൽ പതിവായി വരുന്ന ഒന്നായിരുന്നു ബ്ലിറ്റ്സ് എന്ന വരിക. R K കരഞ്ജിയ എന്ന പത്രാധിപേരുടെ ക്രാന്തിദർശിത്വം പെട്ടെന്ന് ശ്രദ്ധയിൽ ഇടം പിടിച്ചു. Tomorrow’s News TODAY എന്ന ഒരു പംക്തി വളരെ വായനക്കാരെ സമ്പാദിച്ചിരുന്നു. സ്‌കൂപ് വാർത്തകൾ ശ്രദ്ധ പിടിച്ചു പറ്റും വിധം അവതരിപ്പിക്കാൻ കരൻജിയക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. പിന്നെ എന്നോ കേട്ടു, കരഞ്ജിയ ക്രിസ്തു വിശ്വാസി ആയെന്നു. എന്നെങ്കിലും അദ്ദേഹത്തെ ഒന്ന് കാണണമെന്നായി അടുത്ത മോഹം. പക്ഷെ കുഗ്രാമത്തിൽ ജീവിക്കുന്ന ഒരുവന്റെ അതിമോഹം മാത്രമായിരുന്നു അത്.

കാലചക്രം അതിവേഗം കറങ്ങി. കെമിസ്ട്രി ഐച്ഛികമായി എടുത്തായിരുന്നു ഡിഗ്രി പഠനം. സത്യത്തിൽ ഒരു ‘അപഥസഞ്ചാര’മായിരുന്നു അത്. ഡിഗ്രിയുടെ കടമ്പ കടന്നു കൂടിയത് വളരെ ഞെങ്ങിയും ഞെരുങ്ങിയും. ഇനി എന്ത്? പ്രതേകിച്ചൊരു ലക്ഷ്യവുമില്ല.
വൈകാതെ, ഒരു കല്യാണത്തിൽ പങ്കെടുക്കാൻ വേണ്ടി ഒരവധിക്കാലത്തു മുംബൈയിലേക്ക് പോയി. കാറ്ററിംഗ് കോളേജ് പ്രിൻസിപ്പലായിരുന്ന അങ്കിൾ K V സൈമന്റെ നിർബന്ധപ്രകാരം സെന്റ് സേവിയേഴ്‌സ് കോളേജിൽ ജേർണലിസം P G കോഴ്സിന് വെറുതെ ഒന്ന് അപേക്ഷിച്ചു. പല പടികൾ ചവിട്ടണമായിരുന്നു സേവിയേഴ്‌സ് എന്ന സ്വപ്നലോകത്തെത്തുവാൻ. നാട്ടിൻപുറത്തുകാരന്റെ ഇംഗ്ലീഷ് പരിമിതിയുമായി മുംബൈയിലെത്തിയ എനിക്ക് സ്വയപരിശ്രമത്തിൽ ഇത് സാധിക്കില്ലെന്ന് ഉറപ്പു. എന്നാൽ അതായിരുന്നു ദൈവത്തിന്റെ പദ്ധതി. അവിടുത്തെ ഗുരുക്കന്മാരായ പ്രഗത്ഭ പത്രപ്രവർത്തകർ, M V കമ്മത്തിനും, അരുൺ ഷൂരിക്കും, ഖുശ്വന്ത് സിങ്ങിനുമൊക്കെ ഒപ്പം കുറെക്കാലം. With Malice Towards None എന്ന പംക്തിയിലൂടെ പണ്ടേ മനസ്സിൽ കടന്നു കൂടിയ ഒരാളായിരുന്നു ഖുശ്വന്ത് സിങ്.
ഒടുവിൽ പഠനം കഴിഞ്ഞു. ഒരു പത്രത്തിൽ സബ് എഡിറ്റർ ആയി ജോലിക്കു ഇന്റർവ്യൂവിനു പോയി. ജോലി കിട്ടി. രണ്ട് ദിവസം കഴിഞ്ഞു ഒരു വ്യക്തി ഓഫീസിലേക്ക് കയറി വന്നപ്പോൾ എല്ലാവരും വളരെ ബഹുമാനത്തോടെ എഴുന്നേറ്റു നിന്നു. താരതമ്യേന നവാഗതനായ എന്നിൽ അദ്ദേഹത്തിന്റെ കണ്ണുടക്കി. അടുത്ത് വന്നു പേര് ചോദിച്ചു. ഞാൻ പറഞ്ഞ മറുപടി അദ്ദേഹം ശബ്ദം കുറച്ചു രണ്ട് തവണ ആവർത്തിച്ചു. പിന്നെ ഞാൻ അവിടെ നിന്നും കേരളത്തിലേക്ക് പോരും വരെ അദ്ദേഹം എന്റെ പേര് മറന്നില്ല. എന്റേത് മാത്രമല്ല, ആ സ്ഥാപനത്തിലെ മിക്കവരുടെയും പേര് തനിക്കു മനഃപാഠമായിരുന്നു. മഹാനായ ആ മനുഷ്യൻ R K കരഞ്ജിയ ആയിരുന്നു. കണ്ണുകൾ തിരുമ്മി നോക്കി. ഈ കാഴ്ച വിശ്വസിക്കാമോ എന്നായിരുന്നു ആശങ്ക.

കരഞ്ജിയയുടെ പത്രത്തിൽ എന്റെ പേരോടെ (ബൈലൈൻ) അച്ചടിച്ച് വന്ന ആദ്യലേഖനം ഒരു ക്രിസ്ത്യൻ പോപ്പ് സംഗീതഞ്ജനുമായുള്ള ഇന്റർവ്യൂ ആയിരുന്നു. തലക്കെട്ട് കൊടുത്തതും ശ്രദ്ധേയമായിരുന്നു. “BIBLE EXCITES ME” Says Garth Hewit to George Koshy എന്നായിരുന്നു അത്. ഒരു പക്ഷെ ഞാനും ഒരു ക്രിസ്തുവിശ്വാസി ആയിരുന്നതിനാൽ ആയിരിക്കാം, R K യുടെ ഒരു കരുതൽ എനിക്ക് എന്നും ഉണ്ടായിരുന്നു.
മനസ്സിന്റെ ഉള്ളറകളിലേക്ക്
കേരളത്തിൽ തിരികെ എത്തി ആദ്യം ഞാൻ തൊഴിൽ ആരംഭിച്ചത് MBBS എൻട്രൻസ് പരിശീലകരായ യൂണിവേഴ്സൽ എന്ന സ്ഥാപനത്തിന്റെ എൻട്രൻസ് മാസ്റ്റർ എന്ന ഒരു പ്രസിദ്ധീകരണത്തിൽ. അന്ന് ആ മാസികയിൽ ഒരു പംക്തി ഉണ്ടായിരുന്നു. Tell Me your Personal Problems എന്നായിരുന്നു അതിന്റെ ശീർഷകം. അത് എഴുതിയിരുന്നത് ഡോക്ടർ P M മാത്യു വെല്ലൂർ. വീണ്ടും എന്റെ മനസ്സ് തുടിച്ചു. കുറിപ്പ് വാങ്ങാൻ എല്ലാ മാസവും മാത്യുസാറിന്റെ വീട്ടിൽ പോകണം. അങ്ങനെ ആ ബന്ധം ക്രമേണ സുദൃഢമായി. ഒരു വർഷം കഴിഞ്ഞു സർ എന്നോട് ചോദിച്ചു, “എന്നെ ഒന്ന് സഹായിക്കാമോ? എന്റെ ചില പുസ്തകങ്ങൾ എഡിറ്റ് ചെയ്യണം. D C ബുക്ക്സ് ആണ് പ്രസാധകർ. ചെയ്യമെന്നേറ്റിരുന്ന വ്യക്തി ഗൾഫിൽ പോയി. അടുത്ത ഒരു വർഷമെന്നോടൊപ്പം നിൽക്കാമോ?”
എനിക്ക് നൂറു വട്ടം സമ്മതം. വളരെ സന്തോഷത്തോടെ ഞാൻ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. സാറിന്റെ വീടിന്റെ മുകൾ നിലയായിരുന്നു ഓഫീസ്. ഞാൻ മാത്യു സാറിന്റെ ഒരു ജോലിക്കാരനായിരുന്നില്ല. ഒരു കുടുംബാംഗം ആയിരുന്നു. ഒരുമിച്ചു ഉച്ചഭക്ഷണം, വിശ്രമവേളകളിൽ ചർച്ചകളും ഒരുമിച്ചു. ഒട്ടേറെ മനഃശാസ്ത്ര പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞ നാളുകൾ ആയിരുന്നു അത്. പിൽക്കാലത്തും, അദ്ദേഹവും തന്റെ കാഴ്ച പരിമിതിയുള്ള ഭാര്യയും എന്നെ മകനെപ്പോലെ സ്നേഹിച്ചു. ഒടുവിൽ അദ്ദേഹം തന്നെ എന്നെ അടുത്ത ജോലിയിലേക്ക് നയിച്ചു. കോട്ടയം ആസ്ഥാനമായുള്ള ആ മാസികയുടെ പത്രാധിപർക്ക് ഒരു എഴുത്തു തന്നു വിടുകയും അദ്ദേഹത്തെ ഫോണിൽ വിളിച്ചു, ഞാൻ എന്റെ മകനെ പ്പോലെ ഒരാളെ അങ്ങോട്ട് വിടുന്നു എന്ന് പറയുകയും ചെയ്തു.

ആ പത്രാധിപർ മറ്റാരുമായിരുന്നില്ല. എന്റെ മറ്റൊരു കൗമാരകാലബിംബം ആയിരുന്ന ടോംസ് സർ ആയിരുന്നു അത്. ബോബനും മോളിയും ആയിരുന്നു മാസിക. അദ്ദേഹം ഒരു പുതിയ പ്രസിദ്ധീകരണം തുടങ്ങുകയായിരുന്നു, ടോംസ് മാഗസിൻ എന്ന പേരിൽ. അതിനു ഒരു പത്രാധിപരെ തിരയുന്നു എന്നറിഞ്ഞാണ് മാത്യു സർ എന്റെ പേര് നിർദ്ദേശിച്ചത്. മലയാളികളെ മുഴുവൻ കുടുകുടെ ചിരിപ്പിച്ച ടോംസ് സർ, പക്ഷെ സ്വകാര്യ സംഭാഷണങ്ങളിൽ ഒരിക്കലും ചിരിക്കാറുണ്ടായിരുന്നില്ല. മറ്റുള്ളവരുടെ സംഭാഷണത്തിൽ നിന്നും തനിക്കു കടം കൊള്ളാവുന്ന എന്തെങ്കിലും തമാശകൾ ഉണ്ടോ എന്നുള്ള അന്വഷണത്തിലായിരിക്കും അദ്ദേഹം. തുടർന്നുള്ള ചില കാലം ടോംസ് സാറുമായി വളരെ അടുത്ത സ്നേഹബന്ധം പുലർത്താൻ കഴിഞ്ഞത് ഒരു വലിയ നേട്ടമായി കരുതുന്നു. മണ്ടൂസ് എന്ന പേരിൽ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുവാൻ അദ്ദേഹം എന്നെ അനുവദിക്കുകയും ചെയ്തു.
ഫറവോന്റെ മരണമുറി
അങ്ങനെയിരിക്കെ, ഒരു ദിവസം സർ എന്നെ തന്റെ ക്യാബിനിലേക്കു വിളിപ്പിച്ചു. ഞാൻ ചെന്നപ്പോൾ അവിടെ ഒരാളുണ്ടായിരുന്നു. തലയിൽ ഒരു തൊപ്പി. കട്ടിയുള്ള കണ്ണട. അദ്ദേഹത്തിന്റെ സൂക്ഷ്മനയനങ്ങൾ എന്നെ ചുഴിഞ്ഞിറങ്ങി.
” ഈയാളിനെ അറിയാമോ?” ടോംസ് സർ ചോദിച്ചു.
” ഇല്ല സർ, ” ഞാൻ വളരെ വിനയത്തോടെ പറഞ്ഞു.
” ഇതാണ് കോട്ടയം പുഷ്പനാഥ്.”
ഒരു നിമിഷം എന്റെ ശ്വാസം വിലങ്ങിപ്പോയി. വീണയും സ്വപ്നം യാഥാർഥ്യമാവുന്നു. കാർപാത്യൻ മലനിരകളിലൂടെയും ഫറവോന്റെ മരണമുറിയിലൂടെയും സ്കോട്ലൻഡ് യാർഡിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിലൂടെയുമൊക്കെ എന്റെ മനസ്സ് അതിദ്രുതം സഞ്ചരിച്ചു. ഏതാനും നിമിഷങ്ങളെടുത്തു ഞാൻ പൂർവസ്ഥിതിയിലെത്തുവാൻ.
“പുഷ്പനാഥിനോട് സംസാരിക്കു. എന്നിട്ടു നമ്മുടെ മാസികയിൽ ഒരു പംക്തി തുടങ്ങൂ,” ടോംസ് സർ എന്നെ നിയോഗിച്ചു.
ഞാൻ വളരെ ആവേശത്തോടെയാണ് പുഷ്പനാഥ് സാറിനോടൊപ്പം ചില മണിക്കൂറുകൾ അന്ന് ചിലവഴിച്ചത്. അങ്ങനെ ഞങ്ങൾ സിബിഐ സോണി എന്നൊരു കഥാപാത്രത്തെ സൃഷ്ടിച്ചു. ഒരു പരമ്പര ആരംഭിക്കുകയും ചെയ്തു.
ഇന്ന് മലയാളത്തിലെ ഏറ്റവും പ്രമുഖ നോവലിസ്റ്റ് ജോയ്‌സിയോടൊപ്പം വീരോ എന്ന ഒരു കഥാപാത്രത്തെ അണിയിച്ചൊരുക്കുവാനും തുടർന്ന് അദ്ദേഹം ഒരു പരമ്പര തുടങ്ങുവാനും ഇടയായതും അവിടെ വെച്ചായിരുന്നു.
അത്ഭുതങ്ങൾ സംഭവിച്ചുകൊണ്ടേയിരുന്നു. ഏറെ ആദരവോടെ കാണുകയും പരിചയപ്പെടണമെന്നു ആഗ്രഹിക്കുകയും ചെയ്ത പലരുമായും പിൽക്കാലത്തു അടുത്ത സമ്പർക്കം പുലർത്താനായി.

ഒരു കഥ കൂടെ. ക്രിസ്തീയ വായന സജീവമായപ്പോൾ ഏറെ ആകർഷിച്ച ഒരു എഴുത്തുകാരൻ ആയിരുന്നു, ഫിലിപ്പ് യാൻസി. “Where is God when it hurts” എന്ന ഗ്രന്ഥമൊക്കെ രചിച്ച വ്യക്തി. അദ്ദേഹം എവിടെയാണെന്ന് പോലും അറിഞ്ഞു കൂടാ. പിന്നല്ലേ കാണുക? വർഷങ്ങൾ കഴിഞ്ഞു. ചിക്കാഗോ ആസ്ഥാനമായുള്ള മീഡിയ അസ്സോസിയേറ്റ്സ് ഇന്റർനാഷനലിന്റെ ആഭിമുഖ്യത്തിലുള്ള ഒരു സെമിനാർ. നടക്കുന്നത്, ബ്രസീലിലെ സാവോപോളോയിൽ. കുട്ടികൾക്ക് വേണ്ടിയുള്ള ഒരു രചനയെ പറ്റി ക്ലാസ് എടുക്കാൻ ക്ഷണം ലഭിച്ചു. നോട്ടീസ് കിട്ടിയപ്പോൾ ഞെട്ടിപ്പോയി. സഹ അധ്യാപകൻ ഫിലിപ്പ് യാൻസി. ദീർഘനേരം അദ്ദേഹവുമായി ഇടപഴകുവാൻ കഴിഞ്ഞത് എന്റെ ആത്മീയജീവിതത്തിനു ഏറെ പ്രയോജനം ചെയ്തു എന്ന് ഞാൻ ഓർക്കുന്നു.
ഇതൊക്കെയല്ലേ എഴുത്തുകാരൻ എന്ന നിലയിൽ നമുക്കുള്ള സമ്പാദ്യങ്ങൾ.