My first song

ഇത്തിരിക്കുഞ്ഞന്‍ കട്ടുറുമ്പിനും പൊണ്ണത്തടിയന്‍ ആനച്ചാര്‍ക്കും ഉണ്ട് അവരവരുടേതായ പ്രശ്നങ്ങള്‍ ! ഉറുമ്പിനു അരിമണിയും ആനയ്ക്ക്  തടിയും വന്‍ ഭാരമാകാം.. നമുക്കോ ? സംശയമില്ല, നമുക്കോരോരുത്തര്‍ക്കും ഉണ്ട് ഇതുപോലെ ഓരോരോ പ്രശ്നങ്ങള്‍ .. അപ്പോള്‍ പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയല്ല, പ്രശ്നങ്ങളെ അതിജീവിക്കുവാനുള്ള ശക്തി നേടുകയാണ്‌ പോം വഴി. ഒരിക്കല്‍ ഇത് ഞാനും പഠിച്ചു..

Uncle GK's first song

അന്നെനിക്ക് അഞ്ചു വയസു പ്രായം. നിങ്ങളെപ്പോലെ കളിച്ചും ചിരിച്ചും ഓടിയും ചാടിയുമൊക്കെ രസിക്കുന്ന കാലം.. രസിക്കാന്‍ മാത്രമല്ല ചിന്തിക്ക്കാനും കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കുന്ന പ്രായമാണത്.. കണ്ടും കേട്ടും അറിഞ്ഞും പലതും ഉള്‍ക്കൊള്ളുന്ന സമയം..

അങ്ങനെയൊരു ദിവസം വൈകിട്ട് ഞാനും കൂട്ടുകാരും വീട്ടു പരിസരത്ത് കളിച്ചുകൊണ്ടിരിക്കുന്ന സമയം. തൊട്ടടുത്ത വീടിലെ അമ്മച്ചിയുമായി എന്‍റെ അമ്മ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു പേരും തമ്മിലുള്ള സംസാരം കളിക്കിടെ ഞാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അങ്ങനെ സംസാരത്തിനിടയ്ക്ക് ഒരാള്‍ മറ്റൊരാളോട് പറയുകയാണ്‌ : “ആ, ആനയ്ക്ക് തടി ഭാരം, ഉറുമ്പിനു അരി ഭാരം, എല്ലാവര്‍ക്കുമുണ്ട് ഓരോരോ പ്രശ്നങ്ങള്‍ ”

എങ്ങനെയോ ഈ വാക്കുകള്‍ എന്‍റെ കൊച്ചു മനസ്സില്‍ കയറിക്കൂടി… ആനയും ഉറുമ്പും നമ്മുടെയെല്ലാം കഥകളില്‍ എപ്പോഴും കൂട്ടുകാരാണല്ലോ.. അതുകൊണ്ട് തന്നെയാകണം ഈ ചിന്തയും എന്‍റെ മനസ്സില്‍ മായാതെ നിന്നു.. ഒരു പക്ഷെ അന്ന് രാത്രി ഈ ആനച്ചാരെയും ഉറുമ്പച്ചനെയും തന്നെയാകും ഞാനും സ്വപ്നം കണ്ടത് !!

പിറ്റേ ദിവസം രാവിലെ, സ്കൂളിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.. സ്കൂള്‍ അദ്ധ്യാപികയായ അമ്മയോടോരുമിച്ചാണ് ഞങ്ങളും സ്കൂളിലേക്ക് പോകുന്നത്.. ഒരുക്കത്തിനിടയില്‍ അറിയാതെ ഒരു വരി പാട്ട് എന്‍റെ ചുണ്ടില്‍ വന്നു… അടുത്തുണ്ടായിരുന്ന അമ്മ ഇത് പെട്ടെന്ന് ശ്രദ്ധിച്ചു….

“ങേ, നീയെന്താ പാടിയത്?” – അമ്മ ചോദിച്ചു..

അയ്യോ! എന്തോ അബദ്ധം ചെയ്തത് പോലെ, അല്പം പേടിയോടെ ഞാന്‍ പറഞ്ഞു..- “ങ്ങും, ഒന്നുമില്ല”

“ഏയ്‌, അല്ല, നീ എന്തോ പാടി.., ഒന്ന്കൂടെ അതൊന്നു പാട്…” – അമ്മ

അടുത്തുണ്ടായിരുന്ന മൂത്ത സഹോദരിയെ  വിളിച്ചു വരുത്തി, എന്‍റെ വായില്‍ നിന്നു വീണ അക്ഷരമുത്തുകള്‍ അപ്പോള്‍ത്തന്നെ കടലാസിലാക്കി….. അറിയാതെ പിറവിയെടുത്ത  എന്‍റെ ആദ്യത്തെ ഗാനം ആയിരുന്നു അത് …

“ആനയ്ക്ക് തടി ഭാരം,
ഉറുമ്പിനു അരി ഭാരം
എനിക്കൊട്ടും ഭാരമില്ല,
യേശു എന്നെ കരുതിടുന്നു”

ഈ കൊച്ചു ഗാനം ഞാന്‍ തന്നെ പാടിയതാണ് ഇതോടൊപ്പമുള്ള വീഡിയോ.

[media id=14 width=560 height=404]

 

ഗാനങ്ങള്‍ രചിക്കുന്നതിന് എന്നിലെ മറഞ്ഞിരുന്ന കഴിവിനെ കണ്ടുപിടിച്ചു തന്നത് എന്‍റെ അമ്മയാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ കുഞ്ഞുങ്ങളില്‍ മറഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും അമ്മമാര്‍ക്ക്  എളുപ്പം കഴിയും എന്നാണ് മാതാപിതാക്കളോട് എനിക്ക് ഓര്‍പ്പിക്കാനുള്ളത്.

ഒപ്പം, കൊച്ചു കൂട്ടുകാരോട്, നിങ്ങള്‍ ദൈവമക്കള്‍ ആണെങ്കില്‍, ദൈവം നമ്മെ ഓരോരുത്തരെയും പ്രത്യേകം അറിയുന്നുണ്ട്, നമുക്ക് വേണ്ടി കരുതുന്നുമുണ്ട്… അതുകൊണ്ട് ഏതു സന്ദര്‍ഭത്തിലും ധൈര്യമായി പാടാം “എനിക്കൊട്ടും ഭാരമില്ല, യേശു എന്നെ കരുതിടുന്നു”

ഇതോടൊപ്പമുള്ള വാക്യവും പഠിക്കാന്‍ ശ്രമിക്കുമല്ലോ.. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ !

മന:പാഠമാക്കാന്‍ :

അവന്‍ നിങ്ങള്‍ക്കായ്‌ കരുതുന്നതാകയാല്‍ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേല്‍ ഇട്ടുകൊള്‍വിന്‍ (1 പത്രോസ് 5 :17)

നിങ്ങളുടെ സ്വന്തം,

ജീക്കേ അങ്കിള്‍ ..

 

Post your comments using facebook & share with friends!